SignIn
Kerala Kaumudi Online
Monday, 25 May 2026 2.51 AM IST

പൂരാഘോഷത്തിനിടെ അക്രമം:  രണ്ടുപേർക്ക് പരിക്കേറ്റ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

s

പെരിന്തൽമണ്ണ: ആനമങ്ങാട് കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷ സമയത്തെ സംഘർഷവുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലായി നാലു പേരെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ആനമങ്ങാട് സ്വദേശിയുമായ ചോലക്കൽ ജയരാജ് (31), ചിറ്റോടിയിൽ ജിഷ്ണു (26), ആനമങ്ങാട് വടക്കൻ സിറ്റി സ്വദേശി മാങ്ങമ്പറ്റ കൃഷ്ണകുമാർ (37), കാറൽമണ്ണ സ്വദേശി മുക്കിൽ സുജിത്ത് (21) എന്നിവരെയാണ് പെരിന്തൽമണ്ണ എസ്.എച്ച്.ഒ സുമേഷ് സുധാകരൻ അറസ്റ്റ് ചെയ്തത്.

ഈമാസം രണ്ട്, മൂന്ന് തീയതികളിലാണ് കേസിനാസ്പദമായ സംഭവം. രണ്ടിന് രാത്രി എട്ടരയോടെ പൂരത്തിനോടനുബന്ധിച്ച് മുഴന്നമണ്ണ ദേശക്കാരുടെ വേലവരവിൽ പങ്കെടുത്ത് വരുംവഴി കുന്നുമ്മൽ ക്ഷേത്ര ഗ്രൗണ്ടിന് സമീപം വച്ച് പ്രതികൾ മുഴന്നമണ്ണ സ്വദേശി സ്വരൂപിനെ ഇരുമ്പുവടി കൊണ്ടടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മൂന്നാം തീയതി രാത്രി 11ഓടെ മുഴന്നമണ്ണ സ്വദേശി അക്ഷയ്‌കുമാറിനെയും സുഹൃത്തിനെയും തടഞ്ഞു നിറുത്തി മർദ്ദിച്ചു. തലയ്ക്ക് പരിക്കേറ്റ അക്ഷയ് കുമാറിന് 15ഓളം സ്റ്റിച്ചുകളിടേണ്ടി വന്നു.
ആനമങ്ങാട് വേലക്കാരും മുഴന്നമണ്ണ ദേശവേലക്കാരും തമ്മിൽ മുമ്പ്
സംഘർഷമുണ്ടായതിന്റെ വൈരാഗ്യമാണ് സംഭവത്തിന് കാരണമായത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.ബി.ലത്തീഫ്, ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഒളിവിൽ പോയ ജയരാജ്, ജിഷ്ണു എന്നിവരെ കോയമ്പത്തൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും മറ്റു പ്രതികളെ ആനമങ്ങാട് നിന്നും കസ്റ്റഡിയിലെടുത്തു.
മുഖ്യപ്രതി ജയരാജിനെതിരെ പെരിന്തൽമണ്ണ സ്റ്റേഷനിൽ അഞ്ചോളം കേസുകളുണ്ട്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
എസ്‌.ഐമാരായ അൻവർ സാദിഖ്, രാമചന്ദ്രൻ, എ.എസ്.ഐ രേഖ, ജിതിൻ മുട്ടുങ്ങൽ, സുധീഷ്,​ ഡാൻസാഫ് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY