SignIn
Kerala Kaumudi Online
Monday, 25 May 2026 2.51 AM IST

സിഗററ്റ് കൊടുത്തില്ല; ഇടിവളയും കല്ലും കമ്പും ഉപയോഗിച്ച് കടയിൽ കയറി ആക്രമണം

d

കടയിലെ തൊഴിലാളികൾക്കും കടനടത്തിപ്പുകാരനും പരിക്കേറ്റു

കൊച്ചി: സിഗററ്റ് നൽകാൻ വൈകുമെന്ന് പറഞ്ഞ ബേക്കറിക്കട ജീവനക്കാരനെ സിഗററ്റ് വാങ്ങാനെത്തിയ യുവാക്കൾ തല്ലിച്ചതച്ചു. ഇടിവളയും കല്ലും കമ്പും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ജീവനക്കാരന്റെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ട്. കടയിലെ സാധനങ്ങളും തല്ലിത്തകർത്തു.

ആക്രമണം ചെറുക്കാനുള്ള ശ്രമത്തിനിടെ കടയുടമയ്ക്കും മറ്റൊരു ജീവനക്കാരനും പരിക്കേറ്റു.

തിരക്കേറിയ വൈറ്റില ജംഗ്ഷനിലെ ബിവറേജസ് ഔട്ട്ലെറ്റിന് സമീപം 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ബ്രെഡ് ആൻഡ് ബട്ടർ’ ബേക്കറിയിലെ ജീവനക്കാരൻ

പാലക്കാട് മണ്ണാർക്കാട് സ്വദേശി റിൻഷാദിന് (23) നേരേയായിരുന്നു ആക്രമണം. സംഭവസമയത്ത് കടയിൽ തനിച്ചായിരുന്ന റിൻഷാദ് കസ്റ്റമർക്ക് വേണ്ടി ജ്യൂസടിക്കുന്നതിനിടെയാണ് രണ്ട് യുവാക്കൾ സിഗററ്റ് ചോദിച്ചെത്തിയത്. ജ്യൂസടിച്ച് തീരുന്നത് വരെ 5 മിനിറ്റ് കാത്തിരിക്കണമെന്ന് പറഞ്ഞത് യുവാക്കളെ പ്രകോപിപ്പിച്ചു. സിഗററ്റ് ഉടൻ വേണമെന്നാവശ്യപ്പെട്ടെങ്കിലും റിൻഷാദ് വഴങ്ങിയില്ല. വാക്കേറ്റം രൂക്ഷമായതോടെ യുവാക്കൾ അസഭ്യം ചൊരിയുകയും ഇടിവള കൊണ്ട് ഇടിക്കുകയും ചെയ്തു. സംഘർഷത്തിനിടെ കടയിലെത്തിയ മറ്റൊരു ജീവനക്കാരൻ കാസർകോഡ് സ്വദേശി നൗഫലും (27) കൈയേറ്റത്തിന് ഇരയായി. റിൻഷാദിന്റെ ഷർട്ട് വലിച്ചൂരുകയും മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്ത യുവാക്കൾ തങ്ങൾ നാട്ടുകാരാണെന്നും കാണിച്ചു തരാമെന്നും ഭീഷണിപ്പെടുത്തി മടങ്ങി. ഇരുവരും മദ്യപിച്ചിരുന്നു.

മുക്കാൽ മണിക്കൂർ കഴിഞ്ഞ് സ്കൂട്ടറിലും ബൈക്കിലും മറ്റൊരു യുവാവിനൊപ്പമാണ് മടങ്ങിയെത്തിയത്. വടിയും കല്ലുമായിട്ടായിരുന്നു വരവ്. ഇത്തവണ അക്രമികളെത്തിയപ്പോൾ ബേക്കറി നടത്തിപ്പുകാരൻ എരൂർ നടമ സ്വദേശി സിജോ ജോസഫ് കടയിലുണ്ടായിരുന്നു. സിജോയും നൗഫലും നോക്കിനിൽക്കെ യുവാക്കൾ വടികൊണ്ട് റിൻഷാദിന്റെ തലയ്ക്കടിച്ചു. രക്ഷപ്പെടാൻ കൗണ്ടറിന് സമീപം കുനിഞ്ഞുനിന്നപ്പോൾ അകത്തിട്ട് ചവിട്ടി. തടയാൻ ശ്രമിച്ച നൗഫലിന് കോൺക്രീറ്റ് കട്ടകൊണ്ടുള്ള അടിയേറ്റു. സിജോ ജോസഫിനും മർദ്ദനമേറ്റു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ കടയിലെ സിഗററ്റ് തട്ടുകളും ശീതള പാനീയങ്ങളും മിഠായികളും നശിപ്പിച്ചാണ് മടങ്ങിയത്. അക്രമികൾ മടങ്ങിയ ശേഷം റിൻഷാദിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ കടവന്ത്ര പൊലീസ് കേസെടുത്തു. യുവാക്കൾ ചളിക്കവട്ടം സ്വദേശികളാണെന്നും വൈറ്റിലയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് സിഗററ്റ് ചോദിച്ച് കടയിലെത്തിയതെന്നും പൊലീസ് പറഞ്ഞു. അക്രമത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

കണ്ണൂർ സ്വദേശിയായ കടയുടമ സിജോ ജോസഫ് 19 കൊല്ലമായി നടമയിലാണ് താമസം. ആറുമാസം മുമ്പാണ് വൈറ്റിലയിൽ ബേക്കറി തുടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY